ഡാളസ്: ലോകമെമ്പാടുമുള്ള മലയാളികളുടെ മഹാസംഗമമായ വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ഗ്ലോബൽ കോൺഫറൻസ് 2026-ൽ കുടുംബസമേതം പങ്കുചേരാൻ ലോക മലയാളികളോട് അമേരിക്കൻ റീജിയൺ നേതൃത്വം ആഹ്വാനം ചെയ്തു. ഓഗസ്റ്റ് 21 മുതൽ 24 വരെ അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ ഡാളസിലുള്ള വിൻധം ഹോട്ടലിലാണ് മഹാസമ്മേളനം നടക്കുന്നത്.
ലോക മലയാളികളുടെ ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ചരിത്ര മുഹൂർത്തമാകും ഈ സമ്മേളനമെന്ന് നേതാക്കൾ പറഞ്ഞു.
അമേരിക്കൻ റീജിയൺ ചെയർമാൻ ജോണി കുന്നംപുറം, പ്രസിഡന്റ് പിന്റോ കണ്ണംപള്ളി, ജനറൽ സെക്രട്ടറി അനീഷ് ജെയിംസ്, ട്രഷറർ നിവിൻ വിൽഫ്രഡ് എന്നിവർ സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ ആഹ്വാനം.
അമേരിക്കൻ റീജിയണിന് അഭിമാനം
മൂന്ന് ദശാബ്ദങ്ങളിലേറെയായി ലോക മലയാളി സമൂഹത്തെ ഒരു കുടുംബമായി ചേർത്തുനിർത്തുന്ന ഡബ്ല്യുഎംസിയുടെ ഗ്ലോബൽ കോൺഫറൻസിന് ആതിഥേയത്വം വഹിക്കാൻ അമേരിക്കൻ റീജിയണിന് ലഭിച്ചിരിക്കുന്ന അവസരം അഭിമാനകരമാണെന്ന് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ ഡാളസിൽ ഒത്തുചേർന്ന് സൗഹൃദത്തിന്റെയും സേവനത്തിന്റെയും സംസ്കാരത്തിന്റെയും പുതുചരിത്രം രചിക്കേണ്ട സമയമാണിതെന്നും ഓരോ മലയാളിയും ഈ മഹാസംഗമത്തിന്റെ ഭാഗമാകണമെന്നും അവർ അഭ്യർഥിച്ചു.
പ്രമുഖർ പങ്കെടുക്കും
കേരളത്തിന്റെ മുഖ്യമന്ത്രിയായ വി.ഡി. സതീശൻ സമ്മേളനത്തെ അനുഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. ഗതാഗത മന്ത്രി സി.പി. ജോൺ, ചലച്ചിത്രതാരം മൈഥിലി റോയ്, കൂടാതെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും വിശിഷ്ടാതിഥികളായി സമ്മേളനത്തിൽ പങ്കെടുക്കും.
സംഘടനയുടെ സ്ഥാപക നേതാക്കന്മാരിൽ ചിലരായ ന്യൂജഴ്സിയിലെ ആൻഡ്രൂ പാപ്പച്ചനും ടെക്സസിൽ നിന്നുള്ള ജോൺ എബ്രഹാമും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സംഘടനയുടെ വളർച്ചയ്ക്കും ആശയപാരമ്പര്യത്തിനും അടിത്തറ പാകിയ ഈ നേതാക്കളുടെ സാന്നിധ്യം സമ്മേളനത്തിന് കൂടുതൽ പ്രൗഢിയും ചരിത്രപ്രാധാന്യവും പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആഗോള പങ്കാളിത്തം
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, വ്യവസായ പ്രമുഖർ, പ്രഫഷണലുകൾ, യുവജനങ്ങൾ, വനിതാ പ്രതിനിധികൾ എന്നിവർ ഒരേ വേദിയിൽ സംഗമിക്കുന്ന ഈ ആഗോള സമ്മേളനം ആശയവിനിമയത്തിന്റെയും ബന്ധവികസനത്തിന്റെയും പുതിയ സാധ്യതകൾ തുറന്നിടുന്ന അപൂർവ വേദിയായിരിക്കും.
സമ്മേളനത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ, കലാവിരുന്നുകൾ, സംഗീത-നൃത്ത അവതരണങ്ങൾ, ഇന്ററാക്ടീവ് ഷോകൾ, പ്രചോദനാത്മക പ്രഭാഷണങ്ങൾ, ചർച്ചാവേദികൾ, യുവജന-വനിതാ ഫോറങ്ങൾ, കുടുംബസംഗമങ്ങൾ, ലോകമെമ്പാടുമുള്ള മലയാളി പ്രതിഭകളെ അണിനിരത്തുന്ന വിനോദപരിപാടികൾ എന്നിവ അരങ്ങേറും.
റീജിയണുകളിൽ നിന്ന് വൻ പങ്കാളിത്തം
ഡബ്ല്യുഎംസി മിഡിൽ ഈസ്റ്റ് റീജിയൺ പ്രസിഡന്റ് ഷൈൻ ചന്ദ്രസേനൻ തന്റെ റീജിയണിൽ നിന്ന് 100 പ്രതിനിധികളെ ഡാളസിലേക്ക് എത്തിക്കുമെന്ന് ഉറപ്പുനൽകിയതായി അമേരിക്കൻ റീജിയൺ നേതൃത്വം അറിയിച്ചു.
മിഡിൽ ഈസ്റ്റിലെ 13 പ്രവിശ്യകളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന ഷൈൻ ചന്ദ്രസേനൻ, ജെറോ വർഗീസ്, രാജേഷ് പിള്ള എന്നിവരുടെ സമർപ്പണവും സംഘാടക മികവും ഡബ്ല്യുഎംസി നേതൃത്വത്തിന്റെ പ്രത്യേക അഭിനന്ദനം നേടി.
ജർമനി, ഇംഗ്ലണ്ട്, അയർലൻഡ് ഉൾപ്പെടെ ഏഴ് പ്രവിശ്യകളിലായി വ്യാപിച്ചുകിടക്കുന്ന യൂറോപ്പ് റീജിയണിൽ നിന്ന് കുറഞ്ഞത് 50 പ്രതിനിധികളെയെങ്കിലും ഡാളസിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് യൂറോപ്പ് റീജിയൺ പ്രതിനിധി ജോളി തടത്തിൽ അറിയിച്ചു.
ഇന്ത്യ റീജിയനും സജീവ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യ റീജിയൻ കോൺഫറൻസ് കോ-കൺവീനർ അറിയിച്ചതനുസരിച്ച്, 20 കുടുംബങ്ങൾ ഇതിനോടകം രജിസ്ട്രേഷൻ പൂർത്തിയാക്കി യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്തുകഴിഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള ഈ ആവേശകരമായ പ്രതികരണം സമ്മേളനത്തിന്റെ സ്വീകാര്യതയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി.
ഡബ്ല്യുഎംസിയുടെ ചരിത്രം
1995 ജൂലൈ മൂന്നിന് അമേരിക്കയിലെ ന്യൂജേഴ്സിയിൽ നടന്ന ആദ്യ ലോക മലയാളി സമ്മേളനത്തിന്റെ സമാപനദിനത്തിലാണ് വേൾഡ് മലയാളി കൗൺസിൽ രൂപംകൊണ്ടത്.
അതിനുശേഷം ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ കൂട്ടായ്മയ്ക്കും മാനവിക സേവന പ്രവർത്തനങ്ങൾക്കും സാംസ്കാരിക സംരക്ഷണത്തിനും നേതൃത്വ വികസനത്തിനും വേദിയൊരുക്കിയ സംഘടനയായി ഡബ്ല്യുഎംസി വളർന്നു.
കൊച്ചി (1998), ഡാളസ് (2000, 2012), ഡിംഗ്ഡൻ - ജർമനി (2002), ബഹ്റിൻ (2004, 2022), കൊച്ചി (2006), സിംഗപ്പൂർ (2008), ദോഹ (2010), കുമരകം (2014), കൊളംബോ (2016), ബോൺ - ജർമനി (2018), തിരുവനന്തപുരം (2024) എന്നിവിടങ്ങളിലെ വിജയകരമായ സമ്മേളനങ്ങളുടെ തുടർച്ചയായാണ് ഡാളസ് ഗ്ലോബൽ കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
നേതൃത്വവും സംഘാടക സമിതിയും
ഗ്ലോബൽ നേതൃത്വം: ചെയർമാൻ ഗോപാല പിള്ള, പ്രസിഡന്റ് ജോൺ മാതായി, ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ്, ട്രഷറർ ശശികുമാർ നായർ. കോൺഫറൻസ് കൺവീനർ: ജോൺസൻ തലച്ചെല്ലൂർ.
കോ-കൺവീനർമാർ: നൈനാൻ മാതായി - ഫിലാഡൽഫിയ, സാം ലൂക്ക് മണ്ണിക്കരോട്ടു - ന്യൂയോർക്ക്, അനീഷ് ജെയിംസ് - ന്യൂജഴ്സി, ജോളി പടയാട്ടിൽ - ജർമനി, ശ്രീജിത്ത് - ഇന്ത്യ, ബാബു തങ്കലത്തിൽ - മിഡിൽ ഈസ്റ്റ്.
സമ്മേളനത്തിന്റെ വിജയത്തിനായി രജിസ്ട്രേഷൻ, ഫിനാൻസ്, ഫണ്ട് റൈസിംഗ്, സുവനീർ, പബ്ലിസിറ്റി, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, റിസപ്ഷൻ, പ്രോഗ്രാം, കൾച്ചറൽ, ഓഡിയോ-വിഷ്വൽ, ഫോട്ടോഗ്രഫി തുടങ്ങി വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
മഹത്തായ കുടുംബസംഗമം
ഡാളസ് ഗ്ലോബൽ കോൺഫറൻസ് ഒരു സാധാരണ സമ്മേളനമല്ല, മൂന്ന് ദശാബ്ദങ്ങളിലേറെയായി ലോക മലയാളികളുടെ ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന മഹത്തായ ആഗോള കുടുംബസംഗമമാണെന്ന് സംഘാടകർ പറഞ്ഞു.
പഴയ സൗഹൃദങ്ങൾ പുതുക്കാനും പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനും പുതുതലമുറയ്ക്ക് നമ്മുടെ ഭാഷയും സംസ്കാരവും കൈമാറാനും ഈ വേദി അവസരമൊരുക്കും.
അമേരിക്ക റീജിയൺ മുൻ ചെയർമാൻ ചാക്കോ കോയിക്ക്ലത്ത്, ന്യുജഴ്സിയിലെ വിവിധ പ്രൊവിൻസുകളുടെ പ്രസിഡന്റുമാരായ ജോൺ സാംസൺ, ജിനു തരിയൻ എന്നിവരും പ്രമുഖ നേതാക്കളായ ലിബിൻ ബെന്നി, ജേക്കബ് എഫ്രേം, ബോബി തോമസ്, ആലിസ് സ്റ്റീഫൻ തുടങ്ങിയവരും സമ്മേളനത്തിന്റെ വിജയത്തിനായി അശ്രാന്ത പരിശ്രമങ്ങളുമായി രംഗത്തുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.
ലോകത്തിന്റെ ഏത് കോണിലായിരുന്നാലും എല്ലാ മലയാളികളെയും കുടുംബസമേതം ഡാളസിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നതായി അമേരിക്കൻ റീജിയൺ ഭാരവാഹികൾ സംയുക്തമായി അറിയിച്ചു.